ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പുല്ലൂര്‍ റവന്യു വില്ലേജ് ഉള്‍പ്പെടുന്ന പുല്ലൂര്‍ വില്ലേജ് പഞ്ചായത്തും പെരിയ റവന്യൂ വില്ലേജ് ഉള്‍പ്പെടുന്ന പെരിയ വില്ലേജ് പഞ്ചായത്തുമായിരുന്നു ആദ്യം നിലവില്‍ ഉണ്ടായിരുന്നത്. 1960-ലെ പഞ്ചായത്ത് നിയമമനുസരിച്ച് ലോക്കല്‍ ബോഡീസ് വകുപ്പിനെ പഞ്ചായത്ത് വകുപ്പായും മുന്‍സിപ്പല്‍ വകുപ്പായും വിഭജിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 1962ല്‍ ജനുവരി 19 നാണ് പഞ്ചായത്ത് വകുപ്പ് നിലവില്‍ വന്നത്. അതോടെ പല വില്ലേജ് പഞ്ചായത്തുകളേയും ഏകീകരിച്ച് ഒറ്റ പഞ്ചായത്താക്കി മാറ്റിയതിന്റെ ഭാഗമായാണ് ഇന്നത്തെ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. അതുവരെ രണ്ട് വില്ലേജ് പഞ്ചായത്തുകള്‍ക്ക് പ്രത്യേക ഭരണസമിതികളായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായരുന്ന മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഇന്നത്തെ കാസര്‍ഗോഡ് ജില്ല. ഒരു പൊതു നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സ്ഥലത്തും ഒരേ സമയം വില്ലേജ് പഞ്ചായത്ത് രൂപീകരിച്ചിരുന്നില്ല. ജനങ്ങളുടെ ആവിശ്യങ്ങള്‍ക്കനുസരിച്ച് ഓരോ സന്ദര്‍ഭത്തിലെ സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് വില്ലേജ് പഞ്ചായത്തുകള്‍ രൂപീകൃതമായിരുന്നത്.
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍ വില്ലേജ് പഞ്ചായത്ത് 1944 ല്‍ രൂപീകൃതമായി. പെരിയ വില്ലേജ് പഞ്ചായത്ത് 1952ല്‍ രൂപീകൃതമായതാണ്. അന്ന് പ്രസിഡണ്ടിനെ തെരെഞ്ഞെടുത്തിരുന്നത് ജനങ്ങള്‍ നേരിട്ടായിരുന്നു. ഇന്നത്തേതുപോലെ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെയോ വോട്ടര്‍ പട്ടികയുടെയോ അടിസ്ഥാനത്തില്‍ രഹസ്യബാലറ്റിലൂടെയായിരുന്നില്ല. പ്രസിഡണ്ട് തെരെഞ്ഞെടുപ്പ്. റവന്യൂ നികുതി സര്‍ക്കാരിലേക്ക് അടക്കുന്നവര്‍ക്ക് മാത്രമേ(ജന്മിമാര്‍ക്കും അവരുടെ കാര്യസ്ഥന്മാര്ക്കും നാട്ടിലെ മറ്റു പ്രമാണിമാര്‍ക്കും) വോട്ടവകാശമുള്ളൂ.
ഭൂനികുതി അടക്കുന്ന ആളുകളെ പട്ടേലര്(ഇന്ന് അവര്‍ വില്ലേജ് ഓഫീസര്‍) ഒരു സ്ഥലത്ത് വിളിച്ചുചേര്‍ത്തുകൊണ്ട് അവിടെ നിന്നു തന്നെ പ്രസിഡണ്ടാകാനുള്ള പേര് നിര്‍ദ്ദേശിക്കുകയും ഒരാള്‍ പിന്താങ്ങുകയും ചെയ്യണം. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ പരസ്യമായി കൈപൊക്കി വോട്ട് രേഖപ്പെടുത്തി പ്രസിഡണ്ടിനെ തെരെഞ്ഞെടുക്കുന്നതായിരുന്നു അന്നത്തെ രീതി.
പുല്ലൂര്‍ വില്ലേജ് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡണ്ട് ശ്രീ പെരളത്ത് ചന്തു നായര്‍ (1944-46) ആയിരുന്നു. തുടര്‍ന്ന് കൊടവലത്തെ കുഞ്ഞിരാമ വാര്യര്‍ (1946-48),വടക്കേക്കര രാമന് നായര്‍ (1948),താരി വളപ്പില്‍ കണ്ണന് നായര്‍ (1949-52),ബി വസന്ത ഷേണായ് (1952-62) എന്നിവരായിരുന്നു.
പെരിയ വില്ലേജ് പഞ്ചായത്തിന്റെ പ്രസിഡണ്ട് ശ്രീ പി ദാമോദരന്‍ നായര്‍ ആയിരുന്നു. അദ്ദേഹം രണ്ട് തവണ വില്ലേജ് പഞ്ചായത്ത് പ്രസിഡണ്ടായി. അന്ന് പഞ്ചയത്ത് പ്രസിഡണ്ടുമാര്‍ക്ക് എക്സിക്യുട്ടീവ് അധികാരങ്ങളായിരുന്നു. നികുതി പിരിവ്, എഴുത്തു കുത്തുകള്‍ക്ക് സഹായിക്കല്‍ എന്നിവക്കായി സഹായികളെ നിശ്ചയിക്കാനുള്ള അധികാരം പ്രസിഡണ്ടിനായിരുന്നു. അതുപ്രകാരം നിയമിച്ച പലരും പിന്നീട് പഞ്ചായത്ത് ജീവനക്കാരായി മാറി.
മദ്രാസിലെ പഞ്ചായത്ത് നിയമപ്രകാരം പഞ്ചായത്ത് ബോര്‍ഡ് പഞ്ചായത്ത് കോടതികള്‍ കൂടിയായിരുന്നു. അന്ന് 8 രൂപ വരെയുള്ള പ്രൊനോട്ട് കേസ് (സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ എഴുതുന്ന എഗ്രിമെന്റ്) ചെറിയ തോതിലുള്ള അടിപിടി കേസ്(പെറ്റികേസ്) എന്നിവ മാസത്തിലൊരിക്കല്‍ കോടതി ചേര്‍ന്ന് തീരുമാനമെടുക്കുമായിരുന്നു. കക്ഷികള്‍ക്ക് വേണ്ടിയുള്ള ഏജന്റുമാര്‍ക്ക് ഹാജരാകാമായിരുന്നു.(പാറ വക്കീല്‍)എന്ന് ഏജന്റുമാരെ പറഞ്ഞിരുന്നു. പഞ്ചായത്ത് കോടതിയുടെ വിധിയില്‍ ڇഅമല്ജാരിڈ അപ്പീല്‍ പോകുന്നത് അന്നു മുന്‍സിഫ് കോടതിയില്‍.
അന്ന് വില്ലേജ് പഞ്ചായത്തുകളുടെ വരുമാനം,കെട്ടിടനികുതി,തൊഴില്‍ നികുതി,വാഹന നികുതി എന്നിവയായിരുന്നു. ഇന്നത്തേത് പോലെ വലിയ കെട്ടിടങ്ങളോ കൂടുതല്‍ വാഹനങ്ങളോ നികുതി ചുമത്താവുന്ന തൊഴിലോ ഇല്ലായിരുന്ന കാലമായിരുന്നതിനാല്‍ തുച്ഛമായ വരുമാനമേ അന്നുണ്ടായിരുന്നുള്ളു. 900 രൂപയില്‍ താഴെ വാര്‍ഷികവരുമാനമുണ്ടായിരുന്ന പഞ്ചായത്തിന് ലോക്കല്‍ ഡെവലപ്മെന്റ് ഫണ്ട്,സെറ്റില്‍മെന്റ് സ്കീം എന്നിവയിലൂടെ ഗവണ്മെന്റ് അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ചില്ലറ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇങ്ങനെ ലഭിക്കുന്ന ഫണ്ട് തന്നെ പ്രവര്‍ത്തനത്തിനാവശ്യമായ തുകയുടെ പരമാവധി 66%വും ബാക്കി ഗുണഭോക്തൃ വിഹിതമായി എടുത്തുമാണ് പ്രവൃത്തി നടത്തിയിരുന്നത്.
ബ്രീട്ടിഷ്കാരായ ഉദ്യോഗസ്ഥന് നമ്മുടെ പ്രദേശത്ത് സന്ദര്‍ശിക്കുമ്പോള്‍ വിശ്രമിക്കുവാനും താമസിക്കുവാനുമായി നിര്‍മ്മിച്ചതാണ് ബ്രിട്ടീഷ് ബംഗ്ലാവ്. നമ്മുടെ ഇന്നത്തെ പഞ്ചായത്ത് പ്രദേശത്തുള്ള രണ്ട് ബംഗ്ലാവുകള്‍ പെരിയയിലും ഇരിയയിലുമായിരുന്നു. ഇതിന്റെ സൂക്ഷിപ്പുകാരന് പട്ടേലര് ആയിരുന്നു.(നികുതി പിരിക്കാനും ക്രമസമാധാനം പാലിക്കാനും കഴിവുണ്ടെന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് തോന്നുന്ന ജന്മികുടുംബത്തിലെ ഒരംഗത്തിനെയാണ് പട്ടേലര് ആയി ബ്രിട്ടീഷുകാര്‍ നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസയോഗയായിരുന്നില്ല. അത് പരമ്പര്യമായി തുടരുകയായിരുന്നു.
1960ലെ പഞ്ചായത്ത് നിയമമനുസരിച്ച് 1962 ജനുവരി 19 ന് സംസ്ഥാനമാകെ സംയോജിപ്പിച്ച് കൊണ്ടുള്ള ഗ്രാമപഞ്ചായത്തുകള്‍ നിലവില്‍ വന്നു. അന്ന് നിലവില്‍ വന്ന ഇന്നത്തെ ഗ്രമപഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടത് പെരിയയിലെ ശ്രീ.പി ദാമോദരന്‍ നായരായിരുന്നു. പുല്ലൂര്‍ ഗ്രാമത്തില്‍ ഓഫീസുണ്ടാകണമെന്ന വ്യവസ്ഥയോടയൊണ് പഞ്ചായത്ത് നിലവില്‍ വന്നത്. ആദ്യം ഓഫീസ് ശ്രീ കേശവ കര്‍ത്തായ എന്നവരുടെ കെട്ടിടത്തിലും പിന്നീട് ഉദയനഗറിലുള്ള ലൈബ്രറി കെട്ടിടത്തിലുമായിരുന്നു(ഇന്നത്തെ ആയുര്‍വ്വേദ ആശുപത്രി ആദ്യം പ്രവര്‍ത്തിച്ച കെട്ടിടം). ചാലിങ്കാലില്‍ ശ്രീ വി. അമ്പുക്കന് എന്ന ബഹുമാന്യ വ്യക്തി പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ സൗജന്യമായി നല്കിയ സ്ഥലത്താണ് ഇന്ന് നമ്മുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പുല്ലൂര്‍ പ്രദേശം ബ്രാഹ്മണ കുടുംബങ്ങളുടെ ആവാസകേന്ദ്രമായിരുന്നു. ഇന്നും ഇവിടെ അഞ്ച് ബ്രാഹ്മണ കുടുംബങ്ങള്‍ താമസിക്കുന്ന ഇല്ലങ്ങളുണ്ട്.(പണ്ടാരത്തായര്‍,കര്‍ത്തായര്‍,തെക്കേ തലത്തായര്, കുണ്ട്ലായര്‍, മധുരമ്പാടിത്തായര്‍) ബ്രാഹ്മണരുടെ താമസസ്ഥലമാണ് ഇല്ലം. ഭൂപ്രഭുക്കളായിരുന്ന ബ്രാഹ്മണര്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ച് ദൈവപൂജയും നടത്തിയിരുന്നു. പൂജക്കാവശ്യമായ ദര്‍ഭ പുല്ല് ധാരാളമായി വളര്‍ത്തിയിരുന്നതിനാല്‍ പുല്ലിന്റെ ഊര് എന്ന അര്‍ത്ഥം വരുന്ന ڇപുല്ലൂര്‍ڈ എന്ന സ്ഥലനാമം ലഭിച്ചുവത്രേ.
വയനാട് ജില്ലയിലെ അന്നത്തെ കോട്ടയം എന്ന സ്ഥലത്തുനിന്നും ഏകദേശം നാന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് കലാപത്തെതുടര്‍ന്ന് څപെരിയچ എന്ന് തറവാട്ടുപേരുള്ള ഒരു നായര്‍ കുടുംബത്തിലെ ഒരമ്മയും മകളുമടക്കം ഏതാനും പേര് പുക്കളം ദേശത്ത് എത്തിയെന്നും ഭൂപ്രഭുക്കളായിരുന്ന പുക്കളത്ത് തറവാടുകാര്‍ അവര്‍ക്ക് അഭയം നല്കി സംരക്ഷിച്ചുവെന്നും പെരിയ കുടുംബത്തിലെ സുന്ദരിയായ ഒരു യുവതിയെ പുക്കളത്ത് കുറപ്പ് ഭാര്യയായി സ്വീകരിച്ചുവെന്നും പറയപ്പെടുന്നു. അതിലുണ്ടായ സന്താന പരമ്പര പുക്കളത്തു വീട്ടുകാരുടെ അധീനതയിലായിരുന്നതടക്കം സമീപ പ്രദേശങ്ങളിലെ മുഴുവന്‍ ഭൂമിയും കൈയടക്കി പെരിയ എന്ന അവരുടെ തറവാടിന്റെ പേര് തന്നെ ഗ്രാമത്തിന്റെ പേരായി മാറുകയും ചെയ്തുവെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. ഇവര്‍ക്കു പുറമേ വേങ്ങയില്‍ തറവാട്, പുക്കളത്തു തറവാട്, മാളിയക്കാല്‍ എന്നിവയായിരുന്നു പ്രബലരായ നായര്‍ ജന്മി തറവാട്ടുക്കാര്‍.
ജന്മി നാടുവാഴി വ്യവസ്ഥ നമ്മുടെ പഞ്ചായത്തിലും പഴയകാലത്ത് നിലനിന്നിരുന്നു. ഭൂമി മുഴുവന്‍ ജന്മിമാരുടെ കൈവശമായിരുന്നതിനാല്‍ വാരം,പാട്ടം, വെച്ചുകാണല് തുടങ്ങിയ നാടുവാഴിത്തതിന്റെ അവശിഷ്ടങ്ങള്‍ അടുത്ത കാലം വരെ നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്നു ജന്മിത്തത്തിന്റെ കൂടപിറപ്പായ ജാതി ചിന്തയും, കുലതൊഴില്‍ സമ്പ്രദായവും ഏതു വിഭാഗമാണെന്ന് തിരിച്ചറിയാനാകുന്ന വിധമുള്ള വസ്ത്രധാരണം പോലും നമ്മുടെ ഗ്രാമീണ മേഖലയില്‍ നിലനിന്നിരുന്നു. രാജ്യത്ത് വളര്‍ന്ന് വന്ന ദേശീയ പ്രസ്ഥാനത്തിന്റെയും കര്‍ഷക സംഘടനകളുടെയും സമരങ്ങളുടെയും പ്രചരണ പ്രവര്‍ത്തനങ്ങളുടെയും ഫലമായി ക്രമേണ വന്നുചേര്‍ന്നിട്ടുള്ള മാറ്റങ്ങളിലൂടെയാണ് ഇന്നത്തെ സമൂഹം രൂപപെട്ടത്. ചര്‍ക്കയില്‍ നൂല്്നുല്പും, ഖദര്വസ്ത്രധാരണയും, കള്ളുഷാപ്പ് പിക്കറ്റിങ്ങുമെല്ലാം അന്നത്തെ സമരായുധങ്ങളായിരുന്നു. കള്ളുഷാപ്പ് പിക്കറ്റ് ചെയ്തതിന് പുല്ലൂരിലെ ശ്രീ പി മാലിങ്കന് മണിയാണിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റ് ഒരു കാലിന്റെ സ്വാധീനം നഷ്ടപ്പെടുന്ന സ്ഥിതിപോലും ഉണ്ടായി. അന്നത്തെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന ശ്രീ കെ കേളപ്പന്,കെ മാധവന്,മേലത്ത് നാരായണന് നമ്പ്യാര്‍, പി അമ്പു നായര്‍, എന്‍ ജി കമ്മത്ത് തുടങ്ങിയവരുടെ സാന്നിദ്ധ്യവും പ്രവര്‍ത്തനങ്ങളുമെല്ലാം നമ്മുടെ പ്രദേശത്തെ ഉല്പതിഷ്ണുക്കളായ ജനങ്ങളെ ആവേശം കൊള്ളിച്ച ഘടകങ്ങളായിരുന്നു.
ലളിതമായ വസ്ത്രധാരണ രീതി കൊണ്ടും ലളിത ജീവിത രീതി കൊണ്ടും തികച്ചും ഒരു ഗാന്ധിയനും സ്വതന്ത്രസമരത്തിലെ മുന്നണി പോരാളിയുമായ څഗാന്ധി കൃഷ്ണന് നായര്‍چ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വി.പി കൃഷ്ണന് നായര്‍ വിദേശവസ്ത്ര ബഹിഷ്കരണം,കള്ള് ഷാപ്പ് പിക്കറ്റിംഗ് തുടങ്ങിയ ദേശസ്നേഹത്താല്‍ പ്രചോദിതനായി സമരങ്ങളില്‍ പങ്കെടുത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പരേതനായ കേശവ്ജി, വി. കുഞ്ഞിരാമന്, കെ.കൃഷ്ണവാര്യര്‍ എന്നിവരും നമ്മുടെ പ്രദേശത്തെ അറിയപ്പെടുന്ന മറ്റു സ്വാതന്ത്ര്യസമര സേനാനികളായിരുന്നു.
രണ്ടാം ലോക മഹായുദ്ധാനന്തരം ഭക്ഷ്യ ക്ഷാമം നേരിട്ട കാലമായിരുന്നു രാജ്യമാകെ ജന്മിമാരുടെ പത്തായത്തില് നിറയെ നെല്ലുണ്ടായിട്ടും സര്‍ക്കാര്‍ സ്റ്റോറുകളില്‍ ന്യായവിലക്ക് നെല്ല് നല്കാന് ജന്മിമാര് തയ്യാറായിരുന്നില്ല. പുല്ലൂരിലെ ജന്മിയായിരുന്ന കുണ്ട്ലായരുടെ ഇല്ലത്തേക്ക് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി പത്തായം തുറന്ന് നെല്ല് എടുത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്തു. രാവണീശ്വരം, അടോട്ട് ഭാഗത്തു നിന്നുള്ള കര്‍ഷക സംഘം വളണ്ടിയര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്. നെല്ല് പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് നല്‍കിയെങ്കിലും റേഷന്‍ വിഷ ജന്മിക്ക് നല്‍കിയിരുന്നു.
പെരിയ ഭാഗത്ത് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍ ക്യാമ്പ് സംഘടിപ്പിച്ചു. എസ്. കെ കുട്ടന്റെ നേതൃത്വത്തില്‍ പെരിയ സ്വദേശികളായ പി.ടി കൃഷ്ണന്,അടുക്കാടുക്കം കൃഷ്ണന് നായര്‍, പെരിയ കുഞ്ഞമ്പു നായര്‍,ചിണ്ടന് നമ്പ്യാര്‍,കനിയന്തള്ള കുഞ്ഞമ്പു നായര്‍, പി. കൃഷ്ണന് നായര്‍, പുല്ലൂര്‍ സ്വദേശികളായ പി രാമന്,പച്ചിക്കാരര് അമ്പുമണിയാണി എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു.
നാട്ടെഴുത്തച്ഛന്മാരുടെ കീഴില്‍ നടന്നു വന്ന കുടിപ്പള്ളി കൂടങ്ങളായിരുന്നു പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങള്‍. പുല്ലൂരില്‍ വന്ന് താമസിച്ച വിദ്യാഭ്യാസ പ്രേമിയായിരുന്ന കൗണ്‍സ് മാസ്റ്റര്‍ ആണ് ഇവിടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. കാനത്തില്‍ മാസ്റ്റര്‍ എന്ന പേരില്‍ അിറയപ്പെട്ടിരുന്ന നിട്ടൂര്‍ അമ്പു നായര്‍ സ്വന്തം സ്ഥലത്ത് ഒരു വിദ്യാലയം ഉണ്ടാക്കിയാണ് ലോവര്‍ എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചത്. കൊടവലത്തെ മാഷ് എന്ന് അിറയപ്പെട്ടിരുന്ന അച്യുത വാര്യര്‍,വി കോമന് മാസ്റ്റര്‍,ടി ചന്തു മണിയാണി എന്നിവരാണ് പുല്ലൂര്‍ പ്രദേശത്തെ അിറയപ്പെടുന്ന ആദ്യകാലത്തെ ഗുരുശ്രേഷ്ഠന്മാര്. പെരിയയില്‍ 1913ല്‍ പട്ടേല്‍ കേളുനായര്‍ സ്വന്തം സ്ഥലത്ത് നിര്‍മ്മിച്ച് കൊടുത്ത കെട്ടിടത്തിലാണ് പെരിയ എല്‍.പി സ്ക്കൂളിന്റെ ആരംഭം. അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസത്തിന് ശേഷം എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസത്തിനായി വെള്ളിക്കോത്ത് ഹയര്‍ എലിമെന്ററി സ്ക്കൂളിനെയോ, ഹൊസ്ദൂര്‍ഗ് ബോര്‍ഡ് എലിമെന്ററി സ്കൂളിനെയോ ആശ്രയിക്കണമായിരുന്നു. കാല് നട ആയി തന്നെ പോകേണ്ടിയിരുന്നു. കുടുതല്‍ വിദ്യാഭ്യാസം നേടാന്‍. പി കോരന് മണിയാണി മാസ്റ്റര്‍ പെരിയ ഭാഗത്തെ അറിയപ്പെടുന്ന അദ്ധ്യാപകനായിരുന്നു. ഇന്ന് ഈ രംഗത്ത് അത്ഭുതകരമായ മാറ്റങ്ങളാണ് നമ്മുടെ പഞ്ചായത്തില്‍ വന്നു ചേര്‍ന്നത്.
നാടിന്റെ സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ട ഒട്ടേറെ പുരാതനമായ ക്ഷേത്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. വിഷ്ണു ക്ഷേത്രങ്ങളാണ് ഇവയിലേറെയും. വിഷ്ണു ബിംബം പ്രതിഷ്ഠിച്ച് ബ്രാഹ്മണ സമൂഹത്തിന് ആരാധനയ്ക്കായി നല്കിയ വിഷ്ണു മംഗലം ക്ഷേത്രമാണ് അവയില്‍ ഏറ്റവും പഴക്കം ചെന്നത്. പുല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രം, കേളോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം, ആയംമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രം,മണിയന്തട്ട ശ്രീ മഹാ വിഷ്ണു ക്ഷേത്രം, ഇരവിന് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കായക്കുളം ശ്രീ മഹാവിഷ്ണു ക്ഷേത്രം, കൊടവലം ശ്രീ മഹാ വിഷ്ണു ക്ഷേത്രം എന്നിവ വിഷ്ണു ക്ഷേത്രങ്ങളാണ്. ഇതിനു പുറമേ നാര്‍ക്കളം ഭഗവതി ക്ഷേത്രം,മീങ്ങോത്ത് പെരും തൃക്കോവിലപ്പന് ക്ഷേത്രം,പുല്ലൂര്‍ കണ്ണച്ചന് ദേവസ്ഥാനം,പെരിയ പതിക്കാല്‍ ശ്രീ പുലിഭൂത ദേവസ്ഥാന ക്ഷേത്രം,കല്ല്യോട്ട് ഭഗവതി ക്ഷേത്രം എന്നിവയ്ക്കു പുറമേ തീയ്യ കുടുംബങ്ങളിലെ വയനാട്ട് കുലവന് ദേവസ്ഥാനങ്ങള്‍, പുക്കളത്ത് മാടകൊട്ടില് ദേവസ്ഥാനം,പെരിയ തറവാട് ദേവാലയം എന്നിവയും നമ്മുടെ പഞ്ചായത്തില്‍ നിറഞ്ഞുനില്ക്കുന്നു. ക്രിസ്റ്റ്യന്‍ കുടിയേറ്റ മേഖലയായ കാഞ്ഞിരടുക്കത്ത് സെന്റ് ജോര്‍ജ് പള്ളിയും മുസ്ലീങ്ങള്‍ താമസിക്കുന്ന ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാമും കുണിയ,പെരിയ,ചാലിംങ്കാല്‍,ഉദയനഗര്‍ എന്നീ പ്രദേശങ്ങളിലെ മുസ്ലീം പള്ളികളും പഞ്ചായത്ത് പ്രദേശത്ത് തലയുയര്‍ത്തി നില്ക്കുന്നു. നാനാജാതി മതസ്ഥര്‍ ഏകോദര സഹോദരങ്ങളെ പോലെ കഴിഞ്ഞുകൂടുന്ന സ്ഥലമാണ് നമ്മുടെ പഞ്ചായത്ത് പ്രദേശം.
ഇന്ന് നാട്ടില്‍ നിന്ന് അപ്രത്യക്ഷമായ പഞ്ചായത്ത് വക സ്ഥാപനമായിരുന്നു ദൊഡ്ഡി. അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന കന്നുകാലികള്‍ കര്‍ഷകരുടെ വിള നശിപ്പിച്ചാല്‍ അവയെ പിടികൂടി ഏല്പിക്കുന്ന സ്ഥലമാണ് ഇത്. ദൊഡ്ഡിയ്ക്ക് സംരക്ഷണത്തിനായി ഒരു ജീവനക്കാരനുമുണ്ട്. കന്നുകാലിയുടെ യഥാര്‍ത്ഥ ഉടമസ്ഥന് വന്നാല്‍ പിഴ ഈടാക്കി അവര്‍ക്കു തന്നെ വിട്ടുകൊടുക്കുമായിരുന്നു.
സഹകരണരംഗത്ത് ഐക്യനാണയ സംഘങ്ങളായി ആരംഭിച്ച പുല്ലൂര്‍,പെരിയ ഐക്യനാണയ സംഘങ്ങള്‍ ഇന്ന് പഞ്ചായത്തിലെ വിവിധ ജന വിഭാഗങ്ങളുടെ സഹകരണത്താല്‍ വളര്‍ന്ന് വിപുലമായിരിക്കുന്നു. കൂടാതെ പുല്ലൂര്‍ പെരിയ പഞ്ചായത്ത് അഗ്രികള്‍ച്ചറിസ്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി,ചാലിംങ്കാല്‍,പെരിയ എന്നീ വനിതാ സൊസൈറ്റികള്‍,ക്ഷീര കര്‍ഷകരെ സഹായിക്കാനായിട്ട് രൂപീകരിക്കപ്പെട്ട പുല്ലൂര്‍,ചെക്യാര്‍പ്പ്,പെരിയ,കാഞ്ഞിരടുക്കം എന്നിവിടങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളും വളര്‍ച്ചയുടെ പാതയിലാണ്.
പുല്ലൂര്‍ പഞ്ചായത്തില്‍ ഏറെക്കാലം പ്രസിഡണ്ടായിരുന്ന ശ്രീ.ബി വസന്തഷേണായ് മാസ്റ്ററുടെയും,പെരിയ പഞ്ചായത്തില്‍ പ്രസിഡണ്ടായി പ്രവര്‍ത്തിച്ച ശ്രീ.പി ദാമോദരന്‍ നായരുടെയും കാലഘട്ടത്തിലാണ് നമ്മുടെ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പല സ്ഥാപനങ്ങളും വളര്‍ന്നു വന്നത്. ഉദയ നഗറിലെ കമ്മ്യൂണിറ്റി ഹാള്‍,പെരിയയിലെ സര്‍ക്കാര്‍ ആശുപത്രി,വിവിധ റോഡുകള്‍,കുടിവെള്ളത്തിനായി നിര്‍മ്മിച്ച കിണറുകള്‍ എന്നിവ ഈ കാലത്ത് പദ്ധതിയില്‍ ഉണ്ടായവയാണ്. 1962ല്‍ പുല്ലൂര്‍ പെരിയ നിലവില്‍ വന്നപ്പോള്‍ ആദ്യത്തെ പ്രസിഡണ്ട് ശ്രീ പി ദാമോദരന്‍ നായര്‍ ആയിരുന്നു., തുടര്‍ന്ന് കെ.വി ചെറിയപ്പ,പി.ഗംഗാധരന് നായര്‍,എച്ച് മാധവന് എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് പഞ്ചായത്തില്‍ വനിതാ പ്രാതിനിത്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് വനിതാ മെമ്പറെ നോമിനേറ്റ് ചെയ്യുകയായിരുന്നു അന്നത്തെ രീതി. നമ്മുടെ പഞ്ചായത്തിലെ ആദ്യത്തെ വനിത മെമ്പര്‍ ശ്രീമതി ചെറിയോളായിരുന്നു (പെരിയ).
ഭരണഘടനയുടെ 73,74 ഭേദഗതിയോടെ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തദ്ദേശസര്ക്കാറുകളായി മാറി. 1994ല്‍ കേരള പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നതോടെ അധികാരത്തിനൊപ്പം വിഭവങ്ങളും ഉത്തരവാദിത്ത്വങ്ങളും വികേന്ദ്രീകരിച്ചു നല്കി.1995ല്‍ നടത്തിയിട്ടുള്ള തെരെഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡണ്ടായി ശ്രീ കെ കുഞ്ഞിക്കണ്ണന് തെരെഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ശ്രീമതി പി നാരായണി,എ ശേഖരന് നായര്‍ അദ്ദേഹത്തിന്റെ അകാലചരമത്തെ തുടര്‍ന്ന് എം ഹസൈനാര്‍ ,സി കെ അരവിന്ദാക്ഷന് എന്നിവര്‍ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു.
വലിയൊരു കാര്‍ഷിക സംസ്ക്കാരം നിലനിന്നൊരു നാടാണ് നമ്മുടെ പഞ്ചായത്ത് പ്രദേശം. ജൈവ കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവന മര്‍ഗമായി സ്വീകരിച്ചിട്ടുള്ളത്. ഭൂവിസ്തൃതിയില്‍ മൂന്നില്‍ രണ്ട് ഭാഗവും കാര്‍ഷിക യോഗ്യമായ ഭൂമി ആണ്. ഇതില്‍ 180 ഹെക്ടര്‍ നെല്‍ കൃഷി ചെയ്യാന്‍ കഴിയുന്ന ഭൂമിയാണ്. എങ്കിലും നല്ലൊരു ഭാഗം സ്ഥലം വിവിധ കാരണങ്ങളാല്‍ തരിശായി കിടക്കുന്നവയാണ്. ഗുണനിലവാരമുള്ള മണ്ണിന്റെയും നടീല്‍ വസ്തുക്കളുടെയും അഭാവം ജലസേചനത്തിനുള്ള അസൗകര്യങ്ങള്‍ കാലവര്‍ഷകാലത്ത് പോലും കുറഞ്ഞുവരുന്ന മഴ, തൊഴിലാളികളുടെ ലഭ്യത കുറവ്, കാര്‍ഷിക യന്ത്രങ്ങള്‍ യഥാസമയങ്ങളില്‍ കൃഷിക്കാര്‍ക്ക് ലഭിക്കായ്ക, വര്‍ദ്ധിച്ചു വരുന്ന ഉല്പാദന ചെലവ് എന്നീ കാരണങ്ങള്‍ നെല്‍കൃഷിയില്‍ നിന്നും പിന്മാറാനുള്ള ചില കാരണങ്ങളാണ്. മുന്‍ കാലങ്ങളില്‍ മഴയെ ആശ്രയിച്ചുള്ള കരനെല്‍കൃഷി പഞ്ചായത്തിനകത്ത് വ്യാപകമായി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തീരെ ഇല്ലെന്ന് പറയാം. തൊഴിലുറപ്പ് പദ്ധതി പൂര്‍ണ്ണമായും നെല്‍കൃഷി മേഖലയില്‍ ഉള്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ താല്പര്യത്തോടെ മുന്നോട്ട് വരാന്‍ സാധ്യതയുണ്ട്. തെങ്ങ്,കവുങ്ങ്,പലതരം പച്ചക്കറികള്‍,റബ്ബര്‍,കുരുമുളക്,കശുമാവ്,പുകയില എന്നിവയാണ് പഞ്ചായത്ത് പ്രദേശത്തുള്ള മറ്റ് കൃഷികള്‍. കല്ല്യോട്ട്,കുണിയ എന്നീ സ്ഥലങ്ങളില്‍ പുകയില കൃഷി പ്രസിദ്ധമായിരുന്നു. എന്നാല്‍ ഇന്ന് ആരും തന്നെ പുകയില കൃഷി ചെയ്യുന്നില്ല. രൂക്ഷമായികൊണ്ടിരിക്കുന്ന ജലക്ഷാമം,തെങ്ങ്,കവുങ്ങ് എന്നീ തോട്ട വിളകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് കൃഷിക്കാര്‍ക്ക് ന്യായമായ വില ലഭിക്കാത്തതും ഉല്പന്നങ്ങള് വിറ്റഴിക്കാനുള്ള സംഭരണ കേന്ദ്രങ്ങളുടെ അഭാവവും കൃഷിയില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്.
പതിനഞ്ച് പാടശേഖര സമിതികള്‍, പുരുഷ സഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവ കാര്‍ഷിക മേഖലയില്‍ ശരിയായ രൂപത്തില്‍ ഇടപ്പെട്ടാല്‍ തരിശായി കിടക്കുന്ന നെല്പാടങ്ങളില് കൃഷിയിറക്കി ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇവയെല്ലാം സജ്ജീവമാണെന്ന് പറയാന്‍ കഴിയില്ല. ആഗ്രോക്ലിനിക്കിന്റെ പ്രവര്‍ത്തനം കുറേക്കൂടി ശക്തിപ്പെടുത്തിയാല്‍ കാര്‍ഷിക മേഖലയെ പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിയും. ഗുണമേന്മയുള്ള വിത്തും നടീല്‍ വസ്തുക്കളും ലഭ്യമാക്കുന്നതിനായി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിത്തു ഉല്പാദന കേന്ദ്രത്തെ എങ്ങനെ പ്രയോജനപെടുത്താമെന്ന കാര്യം നമുക്ക് ആലോചിക്കേണ്ടതുണ്ട്.
കാര്‍ഷിക മേഖലയുടെ അവിഭാജ്യഘടകമായിരുന്നു കന്നുകാലി വളര്‍ത്തല്‍. ഉഴവുയന്ത്രങ്ങളോ മറ്റ് കാര്‍ഷിക യന്ത്രങ്ങളോ ഇല്ലാത്ത കാലത്ത് നിലമുഴാന്‍ കാളകളെ കൃഷിക്കാര്‍ തന്നെ വളര്‍ത്തിയിരുന്നു. വീട്ടാവിശ്യത്തിനുള്ള പാലിനായി നാടന്‍ പശുക്കളെയും, കൃഷിക്കാര്‍ വളര്‍ത്തിപ്പോന്നു. ചാണക വളം യഥേഷ്ടം ലഭ്യമായിരുന്നത് കൃഷിക്കാര്‍ക്ക് ഏറെ സഹായകമായി. മേച്ചില്‍ സ്ഥലങ്ങള്‍ ധാരാളം ഉണ്ടായിരുന്നതിനാല്‍ കന്നുകാലി വളര്‍ത്തല്‍ അക്കാലത്ത് ഒരു പ്രശ്നമേയായിരുന്നില്ല.
കാലക്രമേണ ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങള്‍ കൃഷി മേഖലയിലും അതോടനുബന്ധിച്ച് കന്നുകാലി വളര്‍ത്തല്‍ മേഖലയിലും മാറ്റങ്ങള്‍ വരുത്തി ഉഴവുകാളകളുടെ സ്ഥാനം യന്ത്രങ്ങള്‍ കൈയ്യടക്കി. അതുകൊണ്ട് കാളകളെ വളര്‍ത്തേണ്ട ആവശ്യം കൃഷിക്കാര്‍ക്ക് ഉണ്ടാവുന്നില്ല. സങ്കരയിനം പശുക്കള്‍ ഗ്രാമീണ മേഖലയിലെ കൃഷിക്കാര്‍ വളര്‍ത്താന്‍ തുടങ്ങിയതോടെ നാടന്‍ പശുക്കളും ക്രമേണ അപ്രത്യക്ഷമായിതുടങ്ങി. നാടന്‍ പശുക്കള്‍ ഇന്ന് അപൂര്‍വ്വമായേ വളര്ത്തപ്പെടുന്നുള്ളൂ.
പഞ്ചായത്തിനകത്ത് ലഭിച്ചിടത്തോളം വിവരം വെച്ച് 1950 സങ്കരയിനം പശുക്കളെയും, 350 നാടന്‍ പശുക്കളെയുമാണ് വളര്‍ത്തുന്നത്. 786 കുടുംബങ്ങള്‍ കന്നുകാലി വളര്‍ത്തല്‍ ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകരെ സഹായിക്കാനായി അഞ്ച് ക്ഷീരോല്പാദകസഹകരണസംഘങ്ങള് പഞ്ചായത്തിനകത്ത് പ്രവര്‍ത്തിക്കുന്നു.
മുട്ടക്കോഴി വളര്‍ത്തല്‍ ചില കുടുംബങ്ങള്‍ ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇതിന് വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്. ഈ മേഖലയില്‍ കുറേ കൂടി ശ്രദ്ധപതിപ്പിച്ചാല്‍ ഉപജീവനമാര്‍ഗമായി വനിതകള്‍ക്ക് പ്രയോജനപ്പെടുത്തുവാനും ജനങ്ങള്‍ക്കാവിശ്യമായ മുട്ട പഞ്ചായത്ത് പ്രദേശത്തുതന്നെ ഉല്പാദിപ്പിക്കാന് കഴിയും.
എടുത്തുപറയത്തക്ക ചെറുകിട വ്യവസായ സ്ഥാപനങ്ങളൊന്നും തന്നെ നമ്മുടെ പഞ്ചായത്ത് പ്രദേശത്തില്ല. ജനങ്ങള്‍ പ്രധാനമായും തൊഴിലിനായി ആശ്രയിക്കുന്നത് യന്ത്രങ്ങളുപയോഗിച്ചുള്ള ചെങ്കല്‍ ഖനനമാണ്. വലിയ തോതിലുള്ള നിയന്ത്രണങ്ങള്‍ ഈ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇരിയയിലും, പെരിയയിലും, തടത്തിലും പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍. നാമമാത്രമായി ചിലര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സ്ഥാപനങ്ങളാണ് ചാലിങ്കാലില്‍ പ്രവര്‍ത്തിക്കുന്ന മരമില്ല് പഞ്ചായത്തിലെ മറ്റൊരു സ്ഥാപനമാണ്. കായക്കുളം മേഖലയില്‍ കുടില്‍ വ്യവസായമായി പ്രവര്‍ത്തിച്ചിരുന്ന കളിമണ്‍ പാത്ര നിര്‍മ്മാണം നിലച്ചമട്ടാണ്. കുറ്റിയടുക്കത്തും കായക്കുളത്തും പ്രവര്‍ത്തനം തുടങ്ങിയിരുന്ന ഓട് നിര്‍മ്മാണ ഫാക്ടറികള്‍ പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയിരിക്കുകയാണ്. പുല്ലൂരിലും പെരിയയിലും രണ്ട് ദിനേശ് ബീഡി നിര്‍മ്മാണയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന ദാമോദര്‍ കശുവണ്ടി സംസ്ക്കരണ ഫാക്ടറി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നല്ലൊരു സംരംഭമാണ്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കമ്പനികളില്‍ തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരികയാണ്. പുരുഷതൊഴിലാളികള്‍ ഈ മേഖലയില്‍ ഇല്ല. അല്പം ചില വനിതകള്‍ വീടുകളില്‍ നി്ന്നും തെരക്കുന്ന സ്വകാര്യ ബീഡി കമ്പനികള്‍ നല്കുന്ന തൊഴിലവസരങ്ങള്‍ ഇന്നും ഉണ്ട്. മലബാര്‍ വെനീര്‍സ്, വി.പി.കെ മോട്ടോര്‍സ്, സിഗ്സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ടെന്‍കോ പ്രൈവറ്റ് ലിമിറ്റഡ്, യൂനൈറ്റഡ് പ്രവാസി ഫുഡ് കമ്പനി, കെ.സി ഗ്രനൈറ്റ്സ്, തടത്തില്‍, കോട്ടപ്പാറ ഗ്രനൈറ്റ്സ്, കെടു പേവര്സ്എന്നിവ പഞ്ചായത്ത് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ്.
സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കുടുംബശ്രീ സംവിധാനത്തെ നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയും. 360 അയല്‍ക്കൂട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിപുലമായ കുടുംബശ്രീ സംവിധാനമാണ് നമ്മുടെ പഞ്ചായത്തിനകത്തുള്ളത്. ഇവയെ ഫലപ്രധമായി ഉപയോഗിച്ചാല്‍ ഗാര്‍മെന്റ് നിര്‍മ്മാണം,കശുവണ്ടി സംസ്ക്കരണം പപ്പടം,അച്ചാര്‍ യൂണിറ്റുകള്‍,ബേക്കറി യൂണിറ്റുകള്‍,ന്യുട്രിമി്ക്സ് നിര്‍മ്മാണ യൂണിറ്റ്,ക്വാഷ് നിര്‍മ്മാണ യൂണിറ്റ്,തുണിബാഗ് നിര്‍മ്മാണം,പേപ്പര്‍ ബാഗ് നിര്‍മ്മാണം തുടങ്ങിയ സ്വയംതൊഴില്‍ നിര്‍മ്മാണ സംരംഭങ്ങള്‍ തുടങ്ങാല്‍ സാധിക്കും. കുടുംബശ്രീ യൂണിറ്റുകളെ പച്ചക്കറി കൃഷി വികസനത്തിലും പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും.
പൊതുജനാരോഗ്യം ശ്രദ്ധിക്കപ്പെടേണ്ട പ്രധാന മേഖലയാണ്. എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്ത് എന്ന നിലയിലും അന്യ സംസ്ഥാന തൊഴിലാളികള്‍ വലിയ തോതില്‍ തൊഴിലിനായി ഇവിടെ എത്തുന്നതിനാലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മലേറിയ ബാധിതരായ എഴുപതോളം അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ പ്രദേശത്ത് ഉണ്ടെന്ന് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ചില പ്രദേശങ്ങളില്‍ ജലജന്യ രോഗങ്ങളും കണ്ടെത്തിയിരുന്നു. ചിക്കന്‍ ഗുനിയ,ഡെങ്കിപ്പനി,എലിപ്പനി എന്നീ രോഗങ്ങളും മഴക്കാലമാകുമ്പോള്‍ വരാന്‍ സാധ്യത ഉള്ളതിനാല്‍ ഏറെ കരുതലോടെ ഈ മേഖല കൈകാര്യം ചെയ്യേണ്ടതുണ്ട്.
പെരിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സി.എച്ച്.സിയും അതിന്റെ കീഴില്‍ പ്രവര്‍ത്തി്കുന്ന 6 സബ്സെന്ററുമാണ് അലോപതി മേഖലയിലെ ആരോഗ്യ സംവിധാനം. പുല്ലൂരിലും അമ്പലത്തറയിലും പ്രവര്‍ത്തിക്കുന്ന 2 ഡിസ്പെന്‍സറികള്‍ ആയുര്‍വ്വേദ രംഗത്തും ആയംമ്പാറയിലെ ഹോമിയോ ആശുപത്രി ആ മേഖലയിലും പ്രവര്‍ത്തിക്കുന്നു. ഈ സംവിധാനങ്ങളെല്ലാം നമ്മുടെ ജനങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് സ്റ്റാറ്റസ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാകും.
ജീവിത ശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് അതിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആവിശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യരംഗത്തെ ഈ സ്ഥാപനങ്ങളിലൂടെ നടത്താറുണ്ട്. ഇതിന്റെ പരിശോധന സംവിധാനവും സബ്സെന്ററുകളില്‍ ഇന്ന് ലഭ്യമാണ്. പെരിയ സി.എച്ച്.സി.യില്‍ കിടത്തി ചികിത്സിക്കാനാവശ്യമായ ഒ.പി വിഭാഗവും പ്രവര്‍ത്തന സജ്ജമാണ്. ഇവിടെ ആവശ്യമായ സ്റ്റാഫിനെ നിയമിച്ചാല്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും. കേന്ദ്രസര്‍വ്വകലാശാലയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട മെഡിക്കല്‍ കോളേജ് കൂടി പെരിയയില്‍ ആരംഭിച്ചാല്‍ ആരോഗ്യ രംഗത്ത് നമ്മുടെ പഞ്ചായത്ത് സ്വയം പര്യാപ്തമാകും.
പാലിയേറ്റീവ് രംഗത്ത് സജീവമായി ഇടപ്പെടുന്നൊരു പഞ്ചായത്താണ് നമ്മുടേത്. ഒരു പാലിയേറ്റീവ് നേഴ്സും, 20 ആശാവര്‍ക്കര്‍മാരും, 6 ജെ.എച്ച്.ഐ മാരും, 6 ജെ.പി.എച്ച്.എന്മാരും ഈ മേഖലയില്‍ സജീവമായി ഇടപെടുന്നവരാണ്. അതിനുപുറമേ സന്നദ്ധ പ്രവര്‍ത്തകരായിട്ടുള്ള ഹെല്‍ത്ത് വളണ്ടിയര്‍മാരും ഈ പ്രവര്‍ത്തനരംഗത്ത് സഹായിക്കുന്നു.
ഏറെ സമ്പന്നമായ വിദ്യാഭ്യാസ മേഖലയാണ് പഞ്ചായത്തിലുള്ളത്. ലോവര്‍ പ്രൈമറി മേഖലയില്‍ 2 സ്കൂളും, 1 മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. 2 യു.പി വിദ്യാലയങ്ങളും പഞ്ചായത്തിലുണ്ട്. 2 ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ ഒന്ന് അഞ്ചാം ക്ലാസ്സ് മുതലും, മറ്റൊന്ന് ഒന്നാം ക്ലാസ്സ് മുതലും പ്രവര്‍ത്തിക്കുന്നുണ്ട്. 2 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സ് മുതലുള്ള ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആര്.എം.എസ്.എയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുല്ലൂര്‍,ഇരിയ ഹൈസ്ക്കൂളില്‍ ഒന്നാം തരം മുതല്‍ ക്ലാസ്സുകള്‍ ഉണ്ട്. എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദയ നഗര്‍ ഹൈസ്ക്കൂളില്‍ 8,9.10 ക്ലാസുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. ഇതിനു പുറമേ 6-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെ പ്രവര്‍ത്തിക്കുന്ന നവോദയ വിദ്യാലയം നമ്മുടെ പഞ്ചായത്തിലെ പെിയയില് പ്രവര്‍ത്തിക്കുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഗവ.പോളിടെക്നിക് പെരിയ,ഗവ ഐ.ടി ഐ പുല്ലൂര്‍,സിമെറ്റ് നേഴ്സിംഗ് കോളേജ്(ഉദുമ)ആയമ്പാറ എന്നിവ നല്ല അക്കാദമിക് നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു സ്ഥാപനങ്ങളാണ്.
പെരിയയിലെ തേജസ്വിനി ഹില്‍സ് തലയുയര്‍ത്തി നില്ക്കുന്ന കേരള കേന്ദ്ര സര്‍വ്വകലാശാല പഞ്ചായത്തിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ അഭിമാന സ്ഥാപനമാണ്.
ഇതിനു പുറമേ സ്വകാര്യ അണ് എയ്ഡഡ് സ്വാശ്രയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ പഞ്ചായത്തിലുണ്ട്. ഡോക്ടര്‍ അംബേദ്കര്‍ വിദ്യാ നികേതന്‍,ശ്രീ നാരായണ എജ്യൂക്കേഷന്‍ ട്രസ്റ്റ്,തടത്തില്‍ പ്രവര്‍ത്തിക്കുന്ന നേഴ്സിംഗ് കോളേജ് എന്നിവയും പെരിയ,ഇരിയ,കാഞ്ഞിരടുക്കം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അണ് എയ്ഡഡ് സ്ഥാപനങ്ങളും നമ്മുടെ പഞ്ചായത്തിലുണ്ട്.
സാക്ഷരത പ്രവര്‍ത്തന രംഗത്തും സജീവമായി ഇടപെടുന്ന രണ്ടു തുടര്‍വിദ്യാകേന്ദ്രങ്ങളും, ഒരു നോഡല്‍ കേന്ദ്രവും നമുക്കുണ്ട്. ആയമ്പാറയിലും, എടമുണ്ടയിലുമാണ് തുടര്‍ വിദ്യാകേന്ദ്രങ്ങള്‍. അമ്പലത്തറയിലാണ് നോഡല്‍ കേന്ദ്രം. ഓരോ കേന്ദ്രത്തിലും ഒരു പ്രേരകും, ഒരു അസിസ്റ്റന്റ് പ്രേരകും പ്രവര്‍ത്തിക്കുന്നുണ്ട്. നോഡല്‍ കേന്ദ്രത്തില്‍ നോഡല്‍ പ്രേരക് മാത്രമാണ്.
നമ്മുടെ പഞ്ചായത്തിലെ ശ്രദ്ധേയമായ മേഖലയാണ് അംഗണ്‍വാടി രംഗം. 31 അംഗണ്‍വാടികളും,1 ശിശു മന്ദിരവും ഉള്‍പ്പെടെ 32 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തമായി സ്ഥലവും കെട്ടിടവും ഈ സ്ഥാപനങ്ങള്‍ക്കുണ്ട്. ഇതിനു പുറമേ ആയമ്പാറ, പുല്ലൂര്എന്നീ സ്കൂളുകളില്‍ പ്രീപ്രൈമറി ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ പോഷക സമൃദ്ധമായ ഭക്ഷണവും,കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള കുമാരി ക്ലബ്ബുകളും അംഗണ്‍വാടികളില്‍ പ്രവര്‍ത്തിക്കുന്നു. അണ് എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയാന്‍ കഴിഞ്ഞാല്‍ അംഗണ്‍വാടികളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അതിനായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്
പ്രാദേശിക സ്വയംഭരണ സംവിധാനത്തിലൂടെ റോഡുകൾ, കുടിവെള്ളം, ശുചിത്വം, ആരോഗ്യരംഗം, കാർഷിക വികസനം, വനിതാ-ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ പഞ്ചായത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. പഞ്ചായത്തിൽ നിലവിൽ 19 വാർഡുകൾ നിലവിലുണ്ട്.
പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ഹരിത പ്രവർത്തനങ്ങൾ, സ്ത്രീശാക്തീകരണം, ഡിജിറ്റൽ ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടപ്പാക്കി വികസനപഥത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്